02:04pm 12 November 2026
NEWS
ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം: 'തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾക്ക് അപ്പുറത്തേക്ക് ഉയരണം', ഹൈക്കോടതി
29/04/2026  07:52 AM IST
സുരേഷ് വണ്ടന്നൂർ
ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾക്ക് അപ്പുറത്തേക്ക് ഉയരണം, ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടുവെന്ന പരാതിയിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. വോട്ട് നിഷേധിക്കപ്പെട്ടത് ശരിയെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവരെയും വോട്ട് ചെയ്യിക്കാൻ കടമയുള്ള ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ വെറും ചട്ടങ്ങൾക്കുളളിൽ ഒതുങ്ങാതെ സാഹചര്യത്തിനൊത്ത് ഉയരണമെന്ന് ജസ്റ്റിസ് കെ.വി. ജയകുമാർ വ്യക്തമാക്കി.
​തിരഞ്ഞെടുപ്പ് ജോലി ചെയ്തവർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചെന്നാരോപിച്ച് എൻ.ജി.ഒ യൂണിയനടക്കം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

​കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:


​കടമ മറക്കരുത് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ കമ്മിഷന് ബാധ്യതയുണ്ട്. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് തിരുത്താൻ തയ്യാറാകണം.

​റിപ്പോർട്ട് വേണം:

 പോസ്റ്റൽ വോട്ടിനായി എത്രപേർ അപേക്ഷ നൽകി എന്നും അതിൽ എത്രപേർക്ക് വോട്ട് ചെയ്യാൻ സാധിച്ചു എന്നതിനെക്കുറിച്ചും കൃത്യമായ റിപ്പോർട്ട് നൽകണം.

​വാശി എന്തിന്?:

 വോട്ടെണ്ണലിന് മൂന്ന് മണിക്കൂർ മുമ്പ് വരെ വോട്ട് ചെയ്യാൻ മുൻപ് സൗകര്യമുണ്ടായിരുന്നു. ഓരോ കളക്ടറേറ്റിലും ഫെസിലിറ്റേഷൻ സെന്ററുകൾ തുറന്നുകൂടേ എന്ന് കോടതി ചോദിച്ചപ്പോൾ കമ്മിഷൻ എതിർത്തതിനെതിരെയായിരുന്നു കോടതിയുടെ ഈ പരാമർശം.
​കമ്മിഷന്റെ വിശദീകരണം:
​സമയത്ത് അപേക്ഷിക്കാത്തവർക്കും അപേക്ഷയിൽ പിശക് വരുത്തിയവർക്കുമാണ് ബാലറ്റ് നൽകാതിരുന്നതെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. നിലവിലെ ചട്ടമനുസരിച്ച് ഫെസിലിറ്റേഷൻ സെന്ററുകളിൽ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും വോട്ടെണ്ണൽ ദിവസം വരെ വോട്ട് ചെയ്യാമെന്ന പഴയ നിയമം ഇപ്പോൾ നിലവിലില്ലെന്നും കമ്മിഷൻ വിശദീകരിച്ചു.
​കുറ്റ്യാടി മണ്ഡലത്തിലുണ്ടായ വോട്ട് കൈമാറ്റത്തിലടക്കം വഞ്ചനാപരമായ നടപടി ഉണ്ടായോ എന്ന് കോടതി ആരാഞ്ഞു. റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം കോടതി ഈ വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img